ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,584 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 167 പേർ കോവിഡ് ബാധിച്ച് മരിച്ചു. 18,385 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.
ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,04,79,179 ആയി. 2,16,558 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. 1,01,11,294 പേർ രോഗമുക്‌തി നേടി. ആകെ സ്‌ഥിരീകരിച്ച കോവിഡ് മരണം 1,51,327 ആണ്.
അതേസമയം, രാജ്യത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് വാക്‌സിന്റെ ആദ്യ ലോഡ് പൂണെയിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്‌സിൻ കൊണ്ടുവരുന്നത്. സെറം ഇൻസ്‌റ്റിറ്റൃൂട്ടിൽ പൂജ നടത്തിയ ശേഷമാണ് ട്രക്കുകൾ പുറപ്പെട്ടത്. ഡെൽഹി, ചെന്നൈ, ബെംഗളൂരു, ഗുവാഹത്തി ഉൾപ്പടെ രാജ്യത്തെ 13 വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്നുകമ്പനിയായ അസ്‌ട്രാസനേക്കയുമായി ചേർന്ന് നിർമ്മിച്ച കോവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ പ്രതിരോധ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. ജനുവരി 16ന് വാക്‌സിൻ വിതരണം ആരംഭിക്കും.
Read also: എസ്എന്‍സി ലാവ്‌ലിൻ കേസ്; ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും