തിരുവനന്തപുരം: സംസ്‌ഥാനത്ത് 14 പേർക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. 14 കേസുകളും തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്‌ഥിരീകരിച്ചത്.
ഇന്നലെയാണ് സംസ്‌ഥാനത്ത് ആദ്യമായി സിക വൈറസ് ബാധ റിപ്പോർട് ചെയ്യപ്പെട്ടത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള പാറശാല സ്വദേശിനിയായ 24 കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഗർഭിണിയായിരിക്കെ ആണ് യുവതിയുടെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചത്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയിൽ നടന്നു. ഒരാഴ്‌ച മുൻപ് ഇവരുടെ അമ്മയ്‌ക്കും സമാനമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
അതേസമയം സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. സംസ്‌ഥാനത്ത് സിക വൈറസ് സ്‌ഥിരീകരിച്ചതോടെ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകി കഴിഞ്ഞു.
ഫ്‌ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്‌ളാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക വൈറസ് (Zika virus (ZIKV)). പകൽ പറക്കുന്ന ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്‌തി പോലുള്ള കൊതുകുകളാണ് ഇവ പകരാൻ ഇടായാക്കുന്നത്.
ഗര്‍ഭിണികളെയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതക്കും ഗര്‍ഭഛിത്രത്തിനും വരെ കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളിലെത്തിക്കും.
ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.
അതേസമയം നിലവില്‍ സിക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിൽസിക്കാനോ മരുന്നുകൾ ലഭ്യമല്ല. അനുബന്ധ ചികിൽസയാണ് നടത്തുന്നത്. കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.
Most Read: കൊല്ലം ജില്ലയിൽ കുട്ടികളിലെ കോവിഡ് ബാധ കൂടുന്നു