എറണാകുളം: സർക്കാർ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ യുക്രൈൻ അതിർത്തിയിൽ നിന്നുള്ള 167 വിദ്യാർഥികൾ കൂടി കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. വൈകുന്നേരം 5 മണിയോടെയാണ് മലയാളി വിദ്യാർഥികളുടെ സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇന്ന് രാവിലെ ഡെൽഹിയിൽ നിന്നും വിദ്യാർഥികളുമായി പുറപ്പെടേണ്ടിയിരുന്ന വിമാനം കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനായി ഉച്ചക്ക് 1.30ലേക്ക് യാത്ര നീട്ടി വെക്കുകയായിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ വിദ്യാർഥികൾക്ക് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനായി കെഎസ്ആർടിസി വോൾവോ ബസുകൾ ഏർപ്പെടുത്തിയിരുന്നു. അതേസമയം അതിർത്തി വരെയുള്ള യാത്ര വളരെ ദുഷ്‌കരമായിരുന്നു എന്നും, കിലോമീറ്ററുകൾ ലഗേജുമായി നടക്കേണ്ടി വന്നെന്നും, മണിക്കൂറുകൾ അതിർത്തിയിൽ കാത്തിരിക്കേണ്ടി വന്നെന്നും വിദ്യാർഥികൾ വ്യക്‌തമാക്കി.
യുക്രൈനിൽ നിന്നും ഇതുവരെ 530 മലയാളി വിദ്യാർഥികൾ കേരളത്തിൽ എത്തിയിട്ടുണ്ട്. അതേസമയം യുക്രൈനിൽ 8ആം ദിവസവും റഷ്യ ആക്രമണം തുടരുമ്പോൾ യുദ്ധം തുടങ്ങി ഒരാഴ്‌ചയ്‌ക്കുള്ളിൽ റഷ്യയുടെ പദ്ധതികൾ തകർത്തെന്ന അവകാശവാദവുമായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. കൂടാതെ യുക്രൈനിലുണ്ടായ എല്ലാ നാശനഷ്‌ടങ്ങൾക്കും നഷ്‌ടപരിഹാരം നൽകുമെന്നും, എല്ലാ നഗരങ്ങളും തെരുവുകളും വീടുകളും പുനഃസ്‌ഥാപിക്കുമെന്ന് സെലൻസ്‌കി വ്യക്‌തമാക്കി.
Read also: ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന മാതാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ