പത്തനംതിട്ട: ശബരിമലയിൽ നടവരവ് മൊത്തം 204.30 കോടി രൂപയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. മണ്ഡലകാലം തുടങ്ങി ഇന്നല വരെയുള്ള കണക്കാണിത്. ഡിസംബർ 25 വരെ മൊത്തം നടവരവ് 204,30,76,704 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 222.98 കോടി രൂപയായിരുന്നു. എന്നാൽ, കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ് (63,89,10,320). അരവണ വിൽപ്പനയിൽ 96.32 കോടിയും (96,32,44,610), അപ്പം വിൽപ്പനയിൽ 12.38 കോടി രൂപയും ലഭിച്ചു (12,38,76,720). മണ്ഡലകാലം തുടങ്ങി ഇന്നലെവരെ ശബരിമലയിൽ 31,43,163 പേരാണ് ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിലൂടെ ഇന്നലെവരെ 7,25,049 പേർക്ക് സൗജന്യമായി ഭക്ഷണം നൽകിയെന്നും ദേവസ്വം പ്രസിഡണ്ട് അറിയിച്ചു.
മണ്ഡലപൂജയ്‌ക്ക് ശേഷം നാളെ രാത്രി 11 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉൽസവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ചു ജനുവരി 13ന് വൈകിട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധക്രിയയും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. ജനുവരി 20 വരെ ഭക്‌തർക്ക് ദർശനത്തിനുള്ള സൗകര്യമുണ്ടാകും. ജനുവരി 21ന് നട അടയ്‌ക്കും.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം