കൊല്ലം: കേരളത്തെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്ക് മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് അന്ന് കായലിന്റെ ആഴങ്ങളിൽ പൊലിഞ്ഞത്. നൂറുകണക്കിന് ആളുകൾ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളുമായി.
മഴയ്ക്കൊപ്പമുണ്ടായിരുന്ന മരണത്തിന്റെ ചൂളംവിളി ഇന്നും പെരുമൺകാരുടെ മനസിൽ മായാതെ കിടപ്പുണ്ട്. ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസാണ് കായലിലേക്ക് പതിച്ചത്. നിമിഷ നേരം കൊണ്ടാണ് ബോഗികൾ ഒന്നിന് പുറക്കെ ഒന്നായി പാളംതെറ്റി വീണത്. ഓടിയെത്തിയ പെരുമണിലെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിവെച്ചു. പിന്നാലെ സർവ സന്നാഹങ്ങളും പെരുമണിലെത്തി. പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
ദുരന്തത്തിന് കാരണം ചുഴലിക്കാറ്റെന്ന് (ടൊർണാഡോ) റെയിൽവേ അടിവരയിട്ട് ഉറപ്പിച്ചു. എങ്കിലും അത്തരമൊരു കാറ്റിന് ഒരു ട്രെയിനിനെ മറിച്ചിടാൻ കഴിയുമോ എന്ന ചോദ്യവും ജനമനസുകളിൽ ബാക്കിയായി. ദുരന്ത കാരണം കണ്ടെത്താൻ ഒട്ടേറെപ്പേർ അന്വേഷണം നടത്തി. കാരണങ്ങൾ പലതും കണ്ടെത്തിയെങ്കിലും അതിനെല്ലാം ടൊർണാഡോ ചുഴലിക്കാറ്റിനെ കൂട്ടുപിടിച്ചായിരുന്നു റെയിൽവേയുടെ മറുപടി.
2013ൽ ദുരന്ത കാരണം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തേവള്ളി സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. കോടതി അന്വേഷത്തിന് ഉത്തരവിട്ടെങ്കിലും എങ്ങുമെത്തിയില്ല. അപകട കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്ന് കാണിച്ച് പോലീസും 2019ൽ അന്വേഷണം അവസാനിപ്പിച്ചു.
ഇതോടെ തേങ്ങലുകൾ അടങ്ങി. നിലവിളികൾ കൊണ്ട് കലങ്ങിമറിഞ്ഞ അഷ്ടമുടി വീണ്ടും ശാന്തതയിലേക്ക് ഒഴുകിയെത്തി. എന്നാൽ, തെളിമയോടെ ഓളംവെട്ടിയിരുന്ന കായലിന് ദിവസങ്ങളോളം ചോരയുടെ നിറമായിരുന്നുവെന്ന് പെരുമൺകാർ ഇന്നും തീരാവേദനയോടെ ഓർക്കുന്നു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!