വാഷിംങ്ടൺ: പതിറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാൻ പുറപ്പെട്ട അഞ്ചംഗസംഘം സഞ്ചരിച്ച അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ചുപേർ അടങ്ങുന്ന അന്തർവാഹിനിയിൽ അവശേഷിക്കുന്നത് 40 മണിക്കൂർ കൂടി പിടിച്ചുനിൽക്കാനുള്ള ഓക്‌സിജൻ മാത്രമാണ്. ഇന്നലെ രാത്രിയും സമുദ്രാതിർത്തി ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു.
കനേഡിയൻ നാവികസേനക്കൊപ്പം അമേരിക്കൻ കോസ്‌റ്റ്ഗാർഡും തിരച്ചിലിനായി രംഗത്തുണ്ട്. ഇന്നലെ വൈകിട്ടോടെ ഡീപ് എനർജി എന്ന മറ്റൊരു കപ്പൽ കൂടി അറ്റ്ലാന്റിക്കിൽ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച കാനഡയിൽ നിന്ന് യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അഞ്ചുപേരുമായി പോയ ‘ടൈറ്റൻ’ എന്ന മുങ്ങിക്കപ്പലാണ് കാണാതാകുന്നത്. 21 അടി നീളമുള്ള കപ്പലിൽ രണ്ടു ജീവനക്കാരും മൂന്ന് കോടീശ്വരൻമാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉള്ളത്.
ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, പാകിസ്‌താനി ടൈക്കൂൺ ഷെഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ എന്നിവരാണ് യാത്രക്കാർ. ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിപ്പോയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണുന്നതിനായി എട്ടു ദിവസത്തെ പര്യവേഷണത്തിനായാണ് സംഘം യാത്ര തിരിച്ചത്. പര്യടനം ആരംഭിച്ചു രണ്ടു മണിക്കൂറിനകം ടൈറ്റന്റെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്‌ടമായിരുന്നു.
Most Read: മണിപ്പൂർ സംഘർഷം; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്