കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിൽസക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളാണ് ജില്ലയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോർഡിനേറ്റർമാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും ഗുരുതര രോഗമുള്ള കോവിഡ് ബാധിതരെയുമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. നിലവിലെ സാഹചര്യം നേരിടാനുള്ള ചികിൽസ സൗകര്യങ്ങൾ ദിവസേന വിലയിരുത്തി മികച്ച പ്രതിരോധ പ്രവർത്തങ്ങളാണ് ജില്ലയിൽ നടക്കുന്നത്.
48 ആശുപത്രികളിലായി 784 കിടക്കകളാണ് ഒഴിവുള്ളത്. വെന്റിലേറ്ററോട് കൂടിയ ഐസിയു 66 എണ്ണവും 15 വെന്റിലേറ്ററുമാണ് നിലവിൽ ഒഴിവുള്ളത്. 1234 ഓക്സിജൻ വിതരണമുള്ള കിടക്കകളിൽ 347 എണ്ണം ഒഴിവാണ്. സർക്കാർ കോവിഡ് ആശുപത്രികളിൽ 206 കിടക്കകളും സ്വകാര്യ ആശുപത്രികളിൽ 573 കിടക്കകളും ഒഴിവുണ്ട്.
സർക്കാർ മേഖലയിൽ പത്തു ആശുപത്രികളിലാണ് കോവിഡ് ചികിൽസാ സൗകര്യമൊരുക്കിയിട്ടുള്ളത്. ബീച്ച് ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി, ഐഎംസിഎച്ച് ഗൈനക്കോളജി( മെഡിക്കൽ കോളേജ്), ഐഎംസിഎച്ച് പീഡിയാട്രിക്സ് (മെഡിക്കൽ കോളേജ്), പിഎംഎസ്എസ്വൈ മെഡിക്കൽ കോളേജ്, വടകര ജില്ലാ ആശുപത്രി, താലൂക്ക് ഹെഡ് ക്വർട്ടേഴ്സ് ആശുപത്രി കൊയിലാണ്ടി, താലൂക്ക് ആശുപത്രി പേരാമ്പ്ര, താലൂക്ക് ആശുപത്രി താമരശ്ശേരി, താലൂക്ക് ആശുപത്രി കുറ്റ്യാടി എന്നിവിടങ്ങൾക്ക് പുറമെ 38 സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസാ സൗകര്യമുണ്ട്.
Read Also: വിദേശ സഹായം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സെൽ രൂപീകരിച്ചു







































