ന്യൂഡെൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ 595 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. 208 മെയിലും 379 പാസഞ്ചർ ട്രെയിനുകളുമാണ് റദ്ദാക്കിയത്. കൂടാതെ നാല് മെയിൽ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രയിനുകൾ എന്നിവ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ രാജ്യത്തെ പല സ്റ്റേഷനുകളിലും യാത്രക്കാർ കുടുങ്ങി കിടക്കുന്ന സ്ഥിതിയാണ്.
പ്രതിഷേധങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയുടെ അതിർത്തികളിൽ റോഡ് ഗതാഗതവും സ്തംഭിച്ചു. യുപിയിൽ നിന്നും ഹരിയാനയിൽ നിന്നും ഡെൽഹിയിലേക്ക് വരുന്ന പാതകളിൽ പോലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ട്രാഫിക് സ്തംഭിച്ചു. കൂടാതെ ഝാർഖണ്ടിൽ സ്കൂളുകൾക്ക് ഇന്ന് അവധി നൽകുകയും, പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു.
പ്രതിഷേധങ്ങൾ രൂക്ഷമാകുമ്പോഴും അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന വിജ്ഞാപനമിറക്കി. അഗ്നിവീറുകൾക്ക് വിമുക്തഭട പദവിയോ, വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, കാന്റീൻ സൗകര്യം എന്നിവയെ ഉണ്ടായിരിക്കില്ലെന്നും സേനയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 8ആം ക്ളാസ്, 10ആം ക്ളാസ് എന്നിവ പാസായാവർക്കാണ് സേനയിൽ അഗ്നിവീറുകളായി വിവിധ തസ്തികകളിൽ അവസരമുണ്ടാകുക. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് 4 വർഷത്തെ സേവനത്തിനു ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകുമെന്ന് സേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
Read also: അവയവമാറ്റം വൈകിയ സംഭവം; രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ






































