അവയവമാറ്റം വൈകിയ സംഭവം; രണ്ട് ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ

By Team Member, Malabar News
Two Doctors Were Suspended In Thiruvananthapuram Medical College In Medical negligence
Ajwa Travels

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വൈകിയെന്ന വാര്‍ത്തയെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്‌ഥാനത്തിൽ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഏകോപനത്തില്‍ വരുത്തിയ വീഴ്‌ചക്കാണ് നടപടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കുകയും ചെയ്‌തു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വൃക്ക ലഭ്യമാണെന്ന വിവരം അറിഞ്ഞയുടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളില്‍ നിന്നുള്ള ഓരോ ഡോക്‌ടർമാർ അതിരാവിലെ അവിടേക്ക് പുറപ്പെട്ടു. ഇക്കാര്യം അറിഞ്ഞയുടന്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് യാത്രക്കുള്ള സൗകര്യം ഒരുക്കി. പൊലീസ് ഗ്രീന്‍ ചാനല്‍ ഒരുക്കുകയും പകല്‍ 2.30ഓടെ എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് വൈകിട്ട് 5.30ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തുകയും ചെയ്‌തു.

എന്നാല്‍ ഡോക്‌ടർമാർ ഇറങ്ങുന്നതിനിടെ വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടായതായി ആശുപത്രി പരാതി ഉന്നയിച്ചിട്ടുണ്ട്. അതില്‍ അന്വേഷണം നടത്തുന്നതാണ്.

പകല്‍ 2.30ഓടെയാണ് മെഡിക്കല്‍ കോളേജിലെ ഒരു രോഗിക്ക് ഈ വൃക്ക യോജിക്കുന്നതാണെന്ന് അറിഞ്ഞത്. 4 മണിയോടെ ഓടെ രോഗിയെ ഡയാലിസിസിന് വിധേയമാക്കി. നാല് മണിക്കുറോളം ഡയാലിസിസിന് വേണ്ടി വന്നു. അതിന് ശേഷം രോഗിയെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി രാത്രി 8.30 ഓടെ ശസ്ത്രക്രിയ നടത്തി. 8 മണിക്കുറോളം ശസ്ത്രക്രിയക്ക് സമയമെടുത്തു. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോടെ മാത്രമേ മരണ കാരണം അറിയാന്‍ സാധിക്കൂ.

സാധാരണക്കാരന് സഹായകമാകും വിധം അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കരള്‍ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടെണ്ണം വിജയിപ്പിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിച്ച് ചികിൽസ ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഇതിനായി സജ്‌ജമാക്കി വരുന്നു. ഇനിയും ഇതുപോലെയൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ വിഷയത്തില്‍ വീഴ്‌ച വരുത്തിയവര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിൽ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്‌തമാക്കി.

കാരക്കോണം സ്വദേശി സുരേഷ്(54) ആണ് വൃക്ക മാറ്റിവെക്കലിനെ തുടർന്ന് മരിച്ചത്. കൊച്ചിയിൽ നിന്നും വൃക്ക എത്തിച്ചിട്ടും 4 മണിക്കൂർ വൈകിയാണ് ശസ്‌ത്രക്രിയ നടത്തിയതെന്നാണ് പരാതി ഉയരുന്നത്. കൊച്ചിയിൽ നിന്നും എത്തിച്ച വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാർ ഏറ്റുവാങ്ങിയ ശേഷമാണ് വീഴ്‌ചയുണ്ടായതെന്നാണ് ആക്ഷേപം. വൈകിട്ട് അഞ്ചരയോടെ വൃക്ക എത്തിച്ചെങ്കിലും രാത്രി ഒൻപതിനു ശേഷമാണ് ശസ്‍ത്രക്രിയ നടന്നത്. ശസ്‍ത്രക്രിയ വിജയിക്കാത്തതിനെ തുടർന്ന് സുരേഷ് തിങ്കളാഴ്‌ച പുലർ‌ച്ചെ മരിച്ചു.

Read also: എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം; മന്ത്രി എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE