ആലുവ: ആലുവയിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം. ചാത്തൻ പുറത്ത് എട്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തുനിന്നാണ് കണ്ടെത്തിയത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
കുട്ടിയുടെ അമ്മ ഉണർന്നപ്പോൾ പെൺകുട്ടിയെ ഉറങ്ങിക്കിടന്ന സ്ഥലത്ത് കാണാത്തതിനെ തുടർന്ന് ഉറക്കെ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ പരിശോധന നടത്തുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ സമീപത്തെ പാടത്തു നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. ചോരയൊലിച്ചു നഗ്നയായാണ് കുട്ടിയെ കണ്ടെത്തിയത്. പീഡനത്തിനിരയായ പെൺകുട്ടി കളമശേരി മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം പരിക്കുണ്ട്.
അതേസമയം, എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ടു തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു.
ചാത്തൻപുറത്ത് നിരവധി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. ആലുവയിൽ കഴിഞ്ഞ ജൂലൈ 28ന് മറ്റൊരു അതിഥി തൊഴിലാളിയുടെ അഞ്ചു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. ഒന്നരമാസത്തിനിടെയാണ് ആലുവയിൽ നിന്ന് വീണ്ടുമൊരു പീഡനം കൂടി റിപ്പോർട് ചെയ്യുന്നത്.
Most Read| ഉദയനിധിയുടെ തലവെട്ടാനുള്ള ആഹ്വാനം; സന്യാസിക്കെതിരെ കേസ്








































