ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് എടുത്ത ശേഷവും ആളുകളിൽ രോഗബാധ സ്‌ഥിരീകരിക്കുന്നത് രാജ്യത്ത് വർധിക്കുന്നു. ഇതുവരെ 87,000 ആളുകളിലാണ് രാജ്യത്ത് ഇത്തരത്തിൽ കോവിഡ് സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടും കോവിഡ് സ്‌ഥിരീകരിക്കുന്നവരിൽ 46 ശതമാനം ആളുകളും കേരളത്തിൽ ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മറ്റ് സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ആദ്യ ഡോസ് സ്വീകരിച്ച 80,000ത്തോളം ആളുകളും, രണ്ട് ഡോസും സ്വീകരിച്ച 40,000ത്തോളം ആളുകളും കോവിഡ് പോസിറ്റിവായിട്ടുണ്ട്. 100 ശതമാനം വാക്‌സിനേഷൻ നടന്ന വയനാട്ടിൽ അടക്കം പുതുതായി രോഗബാധ ഉണ്ടാകുന്നതും കേന്ദ്രം ചൂണ്ടിക്കാട്ടി.
അതേസമയം വാക്‌സിനെടുത്ത ശേഷം കോവിഡ് സ്‌ഥിരീകരിച്ച 200ഓളം ആളുകളുടെ സാംപിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. കൂടാതെ കേരളത്തിൽ നിലവിൽ കോവിഡ് വ്യാപനം ഉയർന്ന് നിലനിൽക്കുന്നതിനാൽ അയല്‍ സംസ്‌ഥാനങ്ങളായ കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും സ്‌ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.
Read also: ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്






































