ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10ന് തറക്കല്ലിടും. ഏകദേശം 970 കോടി രൂപയാണ് നിർമ്മാണ ചിലവായി കണക്കാക്കുന്നത്. 2022 ഒക്‌ടോബറോടെ നിർമ്മാണം പൂർത്തിയാക്കി ഉൽഘാടനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ പാർലമെന്റ് മന്ദിരത്തിന് 90 വർഷത്തെ പഴക്കമാണുള്ളത്.
പഴയ കെട്ടിടത്തോട് ചേർന്നാണ് പുതിയ മന്ദിരവും പണിയാൻ ഉദ്ദേശിക്കുന്നത്. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളും ഇതിനോടൊപ്പം ഉണ്ടാവും. പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് പ്രധാനമന്ത്രി ഭൂമി പൂജയും നടത്തും.
പുതിയ കെട്ടിടത്തിന്റെ ലോക്‌സഭ ചേംബറിൽ 888 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. രാജ്യസഭാ ഹാളിൽ 384 പേർക്കുള്ള ഇരിപ്പിടമാണ് ഒരുക്കുക. ഭാവിയിൽ അംഗ സംഖ്യ ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്.
നിലവിലെ പാർലമെന്റ് മന്ദിരം ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചതാണ്. 1921 ഫെബ്രുവരി 12നാണ് ഇതിന്റെ തറക്കല്ലിട്ടത്. 83 ലക്ഷം രൂപ ചെലവിൽ ആറ് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രശസ്‌ത നിർമ്മാണ വിദഗ്‌ധൻ എഡ്വിൻ ലൂട്ടിൻസ് ആണ് കെട്ടിടം രൂപകൽപ്പന ചെയ്‌തത്.
1927 ജനുവരി 18 ന് അന്നത്തെ ഗവർണർ ജനറൽ ലോർഡ് ഇർവിനാണ് ഇതിന്റെ ഉൽഘാടനം നിർവഹിച്ചത്. പുതിയ കെട്ടിടം ടാറ്റ പ്രോജെക്റ്റ്സ് ലിമിറ്റഡാണ് നിർമ്മിക്കുന്നത്. 861.90 കോടി രൂപക്കാണ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ ടാറ്റ ഏറ്റെടുത്തത്.
Read Also: കര്‍ഷകരുടെ ദേശീയ ബന്ദ്; പിന്തുണ അറിയിച്ച് ഇടതുപാര്‍ട്ടികള്‍








































