തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികഞ്ഞ ജാഗ്രതയോടെ എന്നാൽ പരിഭ്രാന്തി തെല്ലുമില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട ഒരു സന്ദർഭമാണിതെന്ന് ചെന്നിത്തല ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ പ്രതിപക്ഷം സർക്കാരിനോട് യോജിച്ച് പ്രവർത്തിക്കും. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിലപാടുകളെ പിന്തുണക്കണമെന്ന് തന്നെയാണ് യുഡിഎഫിന്റെ ഘടക കക്ഷികളുടെയും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ അതിനെ നേരിടാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിപക്ഷം സർക്കാരിന് പിന്തുണ നൽകിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ അന്ന് കൺട്രോൾ റൂം പ്രവർത്തിക്കുകയും ജനങ്ങൾക്ക് വേണ്ട സഹായം നൽകുകയും ചെയ്‌തിരുന്നു. രണ്ടാം തരംഗത്തിന്റെ നിർണായകമായ ഈ ഘട്ടത്തിലും സർവ പിന്തുണയും സർക്കാരിന് പ്രഖ്യാപിക്കുന്നുവെന്നും ചെന്നിത്തല വ്യക്‌തമാക്കി.
മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിനകം തന്നെ കെപിസിസി ഓഫീസിൽ ഒരു കൺട്രോൾ റൂം തുടങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. കൺട്രോൾ റൂമിന്റെ പ്രവർത്തനം ഫലപ്രദമായി തന്നെ നടന്നുവരികയാണ്. പൊതു തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഉണ്ടായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് കോവിഡിനെതിരായ ഒന്നിച്ചുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങാൻ യുഡിഎഫ് പ്രവർത്തകരോട് ചെന്നിത്തല ആഹ്വാനം ചെയ്‌തു.
സർക്കാരിന്റെ മുന്നോട്ട് വെക്കുന്ന നിബന്ധനകളോട് പൂർണമായും സഹകരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. സർക്കാരും അവസരത്തിനൊത്ത് ഉയരണം. ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായം കൂടി പരിഗണിക്കണം. പരിഭ്രാന്തിക്കിടയാക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, വാക്‌സിൻ ചലഞ്ച് പ്രതിപക്ഷം ഏറ്റെടുക്കില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. പണമില്ലാതെ എന്തിനാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: 25 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക് മാറ്റി വെക്കണം; മുഖ്യമന്ത്രി




































