തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
കോവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാർഡ്‌തല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കണം എന്നും ഇതില്‍ വീഴ്‌ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിർദേശത്തിൽ പറയുന്നു.
രോഗലക്ഷണം ഉള്ളവരെയും രോഗം സ്‌ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് വിധേയമാക്കുന്നതിന് വാർഡ്‌തല കമ്മിറ്റികള്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കോവിഡ് സ്‌ഥിരീകരിച്ചാല്‍ രോഗിയെ നിര്‍ബന്ധമായും സമീപത്തെ സിഎഫ്എല്‍ടിസിയിലേക്കോ ആശുപത്രിയിലേക്കോ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം.
അതിഥി തൊഴിലാളികളെ ആര്‍ടിപിസിആര്‍ ടെസ്‍റ്റിന് വിധേയരാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് കൂടാതെ ലേബര്‍ ക്യാമ്പുകളില്‍ രോഗം സ്‌ഥിരീകരിച്ചാല്‍ അവിടം ക്ളസ്‌റ്ററുകളായി തിരിച്ച് കര്‍ശന നിരീക്ഷണവും ബോധവൽക്കരണവും നടത്തേണ്ടത് പഞ്ചായത്ത്, വാർഡ്‌തല കമ്മിറ്റികളാണ്.
വയോജനങ്ങള്‍, സാന്ത്വന ചികിൽസയിൽ കഴിയുന്നവർ, ജീവിതശൈലി രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, തീരദേശവാസികള്‍, ചേരിപ്രദേശങ്ങളില്‍ കഴിയുന്നവര്‍, കെയര്‍ ഹോമിലെ അന്തേവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തണം.
വിവാഹ, മരണാനന്തര ചടങ്ങുകള്‍, മറ്റു ഒത്തുചേരലുകള്‍ എന്നിവയില്‍ അനുവദിക്കപ്പെട്ട എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കുന്നുള്ളു എന്നും പഞ്ചായത്ത്, വാർഡ്‌തല കമ്മിറ്റികള്‍ നിരീക്ഷിച്ച് ഉറപ്പാക്കണമെന്നും പഞ്ചായത്ത് ഡയറക്‌ടർ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്‌തമാക്കുന്നു.
Read also: കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി






































