സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണം; സുപ്രീം കോടതി ഉത്തരവ്

By Syndicated , Malabar News
siddique-kappan
Ajwa Travels

ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഡെല്‍ഹി എയിംസിലേക്കോ ആര്‍എംഎല്‍ ആശുപത്രിയിലേക്കോ കാപ്പനെ മാറ്റണമെന്നാണ് കോടതി നിര്‍ദേശം.

ഈ രണ്ട് ആശുപത്രികളില്‍ കിടക്ക അടക്കമുള്ള സൗകര്യമില്ലെങ്കില്‍ ഡെല്‍ഹിയിലെ മറ്റ് ആശുപത്രികൾ പരിഗണിക്കാമെന്നും കോടതി ഉത്തരവിട്ടു. വിദഗ്ധ ചികിൽസക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാൽ കാപ്പനെ മഥുരയിലെ ജയിലിലേക്ക് കൊണ്ടു പോകാമെന്നും കോടതി വ്യക്‌തമാക്കി. പ്രമേഹം, ഹൃദയ സംബന്ധമായ രോഗം അടക്കമുള്ള അസുഖങ്ങള്‍ കാപ്പനുണ്ടെന്ന യുപി സര്‍ക്കാറിന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചിരുന്നു.

സിദ്ദീഖ് കാപ്പനെ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തടസമെന്തെന്ന് വ്യക്‌തമാക്കാൻ ഹരജി പരിഗണിക്കുന്നതിനിടെ യുപി സര്‍ക്കാറിനോട് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച വൈദ്യ പരിശോധനാ റിപ്പോര്‍ട്ടില്‍ കാപ്പന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്‌തമാണെന്ന് നിരീക്ഷിച്ച കോടതി എല്ലാ മനുഷ്യരുടെ ജീവനും വിലയുണ്ടെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ രാജ്യം വലിയ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ആശുപത്രിയില്‍ കിടക്ക പോലും കിട്ടാത്ത സാഹചര്യമാണെന്നും സിദ്ദീഖ് കാപ്പന് മാത്രം ഒരു സൗകര്യം നല്‍കുന്നത് ശരിയല്ലെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കൂടാതെ വിഷയത്തില്‍ കാപ്പന്‍ നേരിട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ എന്ന സംഘടനയാണ്  ഹരജി നൽകിയതെന്ന വാദവും മേത്ത ഉന്നയിച്ചു. എന്നാൽ കാപ്പന്റെ ഭാര്യ കോടതിക്ക് നല്‍കിയ കത്ത് അപേക്ഷയായി പരിഗണിക്കുന്നു എന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.

സിദ്ദീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഹത്രസിലേക്ക് പോയത് ജാതി വിഭജനം ഉണ്ടാക്കാനാണെന്നും അതുകൊണ്ട് തന്നെ ജാമ്യം നല്‍കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 2020 ഒക്‌ടോബർ 5ന് ആയിരുന്നു അറസ്‌റ്റ്. ഹത്രസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെയുള്ള യുപി പോലീസിന്റെ ആരോപണം.

Read also: മുതിർന്ന കോൺഗ്രസ് നേതാവ് ഏക്‌നാഥ് ഗെയ്‌ക്ക്‌വാദ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE