തിരുവനന്തപുരം: തപാൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കേരളം ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കെന്ന് സൂചന. നിലവിൽ എൽഡിഎഫ് 88 ഇടങ്ങളിലും യുഡിഎഫ് 49 ഇടങ്ങളിലും എൻഡിഎ മൂന്നിടങ്ങളിലുമാണ് മുന്നേറുന്നത്. മൂന്നിടങ്ങളിൽ മാത്രം ലീഡ് ചെയ്യുമ്പോഴും തുടക്കം എന്ന നിലയിൽ എൻഡിഎ കടുത്ത മൽസരമാണ് കാഴ്ചവെക്കുന്നത്.
ശനിയാഴ്ച വരെ തിരികെ ലഭിച്ചത് 4,56,771 തപാൽ ബാലറ്റുകളാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തപാൽ വോട്ടുകൾ കൂടുതലുള്ളതിനാൽ വരാനിരിക്കുന്ന ഫലത്തിന്റെ സൂചനയായാണ് പോസ്റ്റൽ വോട്ടുകൾ വിലയിരുത്തപ്പെടുന്നത്. വോട്ടിങ് മെഷീനുകളിൽ ആദ്യ റൗണ്ട് എണ്ണിത്തീരുന്ന ആദ്യ മണിക്കൂറിലെ ലീഡ് നിലയും ഈ വഴിക്കാണ് സൂചന നൽകുന്നത്.
കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി, പാലായിൽ മാണി സി കാപ്പൻ, തൊടുപുഴയിൽ പിജെ ജോസഫ്, കെ ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വടകരയിൽ കെകെ രമ എന്നിവരാണ് യുഡിഎഫിന് ലീഡ് നേടിക്കൊടുക്കുന്ന പ്രമുഖ നേതാക്കൾ.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ, അഴീക്കോട് കെവി സുമേഷ്, എലത്തൂരിൽ എകെ ശശീന്ദ്രൻ, തലശ്ശേരിയിൽ എഎൻ ഷംസീർ, പിവി അൻവർ എന്നിവരും മുന്നിട്ട് നിൽക്കുന്നു.
ബിജെപി ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ തൃശൂർ, പാലക്കാട്, നേമം എന്നിവിടങ്ങളിൽ അവർക്ക് ആദ്യഘട്ടത്തിൽ തന്നെ ലീഡ് നിലനിർത്താൻ സാധിക്കുന്നുണ്ട്. കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണെന്നാണ് റിപ്പോർട്.
Also Read: ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരിയിൽ എൽഡിഎഫ് മുന്നിൽ







































