തിരുവനന്തപുരം : വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി കേന്ദ്രം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നടത്തിപ്പിനായി നല്‍കിയത് നയപരമായ തീരുമാനമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളുടെ ലേലനടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്കിയ ഹരജിയില്‍ കോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള അവകാശം കേന്ദ്രത്തിനാണെന്നും സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത് എന്നും കേന്ദ്രം പറഞ്ഞു. അതിനാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഹരജിയുമായി വരാന്‍ കേരളത്തിന് അവകാശം ഇല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് തങ്ങളുടെ നയപരമായ തീരുമാനമാണെന്നും അതിനെ എതിര്‍ക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നേരത്തെ സ്റ്റേ ആവശ്യം തള്ളിയത്. അതിനു പിന്നാലെ കേന്ദ്രത്തോട് കോടതി നിലപാട് തേടിയിരുന്നു.
വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് പൊതുജനങ്ങളുടെ താത്പര്യം കൂടി പരിഗണിച്ചാണ്. ഇതില്‍ നിന്നും ലഭിക്കുന്ന പണം വ്യോമയാന മേഖലയുടെ വികസനത്തിന് ആയിരിക്കും ഉപയോഗിക്കുക എന്നും കേന്ദ്രം നിലപാട് അറിയിച്ചു. കേരള സര്‍ക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ ഉള്ള അനുമതി കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ ലേലത്തില്‍ കെഎസ്ഐഡിസി ക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ മാത്രമേ സാധിച്ചുള്ളൂ. കെഎസ്ഐഡിസി യെക്കാള്‍ കൂടുതല്‍ തുകക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം സ്വന്തമാക്കിയത്. 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് സ്വന്തമായത്.
Read also : പ്രതിരോധ നവീകരണത്തിന് 90,048 കോടി രൂപ അനുവദിച്ച് കേന്ദ്രം







































