കാസര്‍ഗോഡ്: പടന്ന ശ്രീ മുണ്ട്യ ക്ഷേത്രത്തില്‍ പ്രഭാത-സന്ധ്യ പ്രാര്‍ഥനാ വേളകളില്‍ ഉച്ചഭാഷിണിയിലൂടെ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും ഉയര്‍ന്നുകേള്‍ക്കാം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടല്‍. മഹാമാരിയെ നാടും ജനങ്ങളും എത്ര ഗൗരവത്തിലാണ് കാണേണ്ടത് എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇവിടെ മുഴങ്ങുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മുഖാവരണം ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന നിർദ്ദേശങ്ങളാണ് ഉച്ചഭാഷിണിയിലൂടെ പറയുന്നത്. ഇത് ജനങ്ങളെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ക്ഷേത്രം കമ്മിറ്റി മുന്‍പന്തിയിൽ ഉണ്ടായിരുന്നു. പാവപ്പെട്ടവരുടെ വീടുകളില്‍ ഭക്ഷ്യവസ്തുക്കൾ എത്തിച്ചും ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ആന്റിജെന്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയും ക്ഷേത്രഭാരവാഹികള്‍ കോവിഡ് പോരാട്ടത്തില്‍ മാതൃക തീർത്തിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രം വകയായി സഹായധനം നൽകിയിരുന്നെന്നും ഭാരവാഹികൾ പറയുന്നു.
Malabar News: മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്തമാക്കുമെന്ന് പോലീസ്







































