ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം പിടിമുറുക്കുന്നതിനിടെ കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്ത്. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വകഭേദമാണ് ബി.1.617 എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ സർക്കാർ സമൂഹ മാദ്ധ്യമങ്ങൾക്ക് നിർദ്ദേശം നൽകി. ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് ഉദ്ധരിച്ചിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം വ്യാപിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് കേന്ദ്ര സർക്കാർ സമൂഹ മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊറോണ വൈറസിന്റെ ബി.1.617 എന്ന വകഭേദത്തെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന നടത്തുന്ന ചർച്ചകളിൽ എവിടെയും ഇന്ത്യൻ വകഭേദമെന്ന പദം പ്രതിപാദിച്ചിട്ടില്ല. അതിനാൽ ഇത്തരം പ്രയോഗങ്ങളും ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര ഐടി മന്ത്രാലയം സമൂഹ മാദ്ധ്യമങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടന ആഗോള ആശങ്കയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണ് ബി.1.617. ഇരട്ട ജനിതക മാറ്റം വന്ന വകഭേദമായാണ് ഇതിനെ കണക്കാക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരാൻ കാരണം ഈ വകഭേദമാണെന്നാണ് വിദഗ്‌ധർ കരുതുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് ഇന്ത്യയിൽ ബി.1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 44 രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുണ്ട്.
Read also: ‘കോവിഡിനെതിരെ ആയുർവേദ മരുന്ന്’; പരിശോധിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ








































