ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ വീണ്ടും സഹായ ഹസ്തവുമായി നടൻ സോനു സൂദ്. ആന്ധ്രാ പ്രദേശിലെ കർണൂലിലും നെല്ലൂരിലും ഓക്സിജൻ പ്ളാന്റുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണ് താരവും സംഘവും. ആവശ്യമുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ പ്ളാന്റുകൾ സ്ഥാപിക്കുമെന്നും സോനു അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇത് ഇന്ത്യയിലെ ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും സോനു ട്വിറ്ററിൽ കുറിച്ചു.
ഓക്സിജൻ പ്ളാന്റുകളുടെ ആദ്യ സെറ്റ് ജൂൺ മാസത്തിൽ കർണൂൽ ഗവൺമെന്റ് ഹോസ്പിറ്റലിലും ഒരെണ്ണം നെല്ലൂരിലെ ജില്ലാ ആശുപത്രിയിലും പ്രവർത്തനം ആരംഭിക്കുമെന്നാണ് സോനു അറിയിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ രംഗത്ത് സജീവമായി പ്രവർത്തിച്ച് വരുന്ന വ്യക്തിയാണ് സോനു സൂദ്. അടുത്തിടെ ബെംഗളൂരിലെ 22ഓളം കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ഓക്സിജൻ സിലിണ്ടറുകൾ സോനു എത്തിച്ച് നൽകിയിരുന്നു. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോനു സൂദ് ചാരിറ്റി ഫൗണ്ടേഷനാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കിയത്.
Also Read: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറും







































