കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തിൽ മരിച്ചവര്‍ സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് സംഘങ്ങളെന്നാണ് പൊലീസ് അനുമാനം. ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രത്യേക ദൗത്യത്തിന് വേണ്ടി ടിഡിവൈ എന്ന പേരിൽ വാട്സ്ആപ് കൂട്ടായ്മ രൂപീകരിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തി. വാഹനാപകടത്തിൽ മരിച്ചവരും കസ്റ്റഡിയിൽ ഉള്ളവരും അടക്കം ഇതിലുണ്ട്.
ഞായറാഴ്ച അര്‍ധരാത്രിയോടെ 15 പേരടങ്ങുന്ന സംഘമാണ് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്നാണ് വിവരം. മരിച്ച അഞ്ചുപേര്‍ സഞ്ചരിച്ച ബൊലേറോ ജീപ്പിനുപുറമേ ഒരു ഇന്നോവയിലും സ്വിഫ്റ്റ് കാറിലുമാണ് സംഘം സഞ്ചരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചരല് ഫൈസൽ എന്നയാൾക്ക് അകമ്പടി പോവുകയായിരുന്നു ഇവരെന്നും സൂചനയുണ്ട്.
അപകടത്തിന് മുമ്പ് ബൊലേറയും ഇന്നോവയും തമ്മില്‍ ചേസിങ് നടന്നതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്ന് പോലീസ് അറിയിച്ചു. ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് കോഴിക്കോട് കമ്മീഷണര്‍ എവി ജോര്‍ജിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. മൂന്നാമത്തെ വാഹനവും അതിലുണ്ടായിരുന്നവരെയും കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബൊലേറോയും സിമന്റ് കയറ്റിയ ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് പുലര്‍ച്ചെ രാമനാട്ടുകരക്കടുത്ത് പുളിഞ്ചോട് വെച്ച് അപകടമുണ്ടായത്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ സാഹിർ, സുബൈർ, അസൈനാർ, നാസർ, ഷഹീർ എന്നിവരാണ് മരണപ്പെട്ടത്. പുളിഞ്ചോടു വളവില്‍ അമിത വേഗത്തിലായിരുന്ന വാഹനം എതിര്‍ദിശയില്‍ ലോറിയിലിടിക്കും മുമ്പ് മറിഞ്ഞിരുന്നതായി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ് ലോറിയില്‍ ഇടിച്ചതെന്നാണ് മൊഴി.
Read also: കോവിഡ് നഷ്ടപരിഹാരം; പദ്ധതി വേണമെന്ന് സുപ്രീംകോടതി







































