കൊൽക്കത്ത: വ്യാജ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടന്ന് രക്തസമ്മർദ്ദം കുറഞ്ഞ ചക്രബർത്തിക്ക് വയറുവേദന, നിർജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നാണ് റിപ്പോർട്. നിലവിൽ ചക്രബർത്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.
4 ദിവസങ്ങൾക്ക് മുൻപാണ് കൊൽക്കത്തയിലെ വാക്സിൻ ക്യാംപിൽ പങ്കെടുത്ത ചക്രബർത്തി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചത്. വാക്സിൻ എടുത്തിട്ടും മൊബൈൽ ഫോണിൽ വാക്സിനേഷൻ സന്ദേശം അടക്കമുള്ള വിവരങ്ങൾ ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ എംപി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാക്സിൻ ക്യാംപ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
ദേബാഞ്ജൻ ദേബ് എന്നയാളാണ് ക്യാംപ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊൽക്കത്ത മുൻസിപ്പൽ കോർപറേഷനിലെ കമ്മീഷണറാണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാൾ ക്യാംപ് നടത്തിയത്. ഇയാൾക്ക് പുറമെ മറ്റുമൂന്നു പേരെയും കൂടെ സംഭവത്തിൽ പിടികൂടിയിട്ടുണ്ട്. വാക്സിൻ എന്ന വ്യാജേന ആന്റിബയോട്ടിക് മരുന്നാണ് ക്യാംപിൽ ആളുകൾ കുത്തിവെച്ചിരുന്നത്.
വാക്സിൻ തട്ടിപ്പിന് വിധേയരായി മുംബൈയിൽ 2,000ത്തോളം പേരും വ്യാജ വാക്സിൻ സ്വീകരിച്ചിരുന്നു. കോവിഡ് വാക്സിന് പകരം ഉപ്പുവെള്ളമാണ് തട്ടിപ്പ് സംഘം ആളുകളിൽ കുത്തിവെച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേർ ഇതിനോടകം മുംബൈയിൽ പിടിയിലായിട്ടുണ്ട്.
Read also: ട്വിറ്ററിനെതിരെ ബാലാവകാശ കമ്മീഷൻ വീണ്ടും; പോക്സോ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം








































