ഗുവാഹത്തി: സിഎഎ വിരുദ്ധ പ്രക്ഷോഭം നയിച്ചതിനെ തുടർന്ന് യുഎപിഎ ചുമത്തി ജയിലിലടച്ച കര്‍ഷക നേതാവും എംഎല്‍എയുമായ അഖില്‍ ഗൊഗോയിയെ കുറ്റവിമുക്‌തനാക്കി എന്‍ഐഎ പ്രത്യേക കോടതി. അദ്ദേഹത്തിനെതിരെ ചുമത്തിയ രണ്ട് യുഎപിഎ കേസുകളും കോടതി ഒഴിവാക്കി. ഗൊഗോയിക്കെതിരെ യുഎപിഎ ചുമത്താന്‍ മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. പുതിയ കേസുകളൊന്നും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെങ്കില്‍ ജയിലില്‍ മോചിതനാകും.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് 45 കാരനായ അഖില്‍ ഗൊഗോയിയെ 2019 ഡിസംബറിലാണ് അറസ്‌റ്റ് ചെയ്‌തത്. അസമില്‍ നിന്നുള്ള കര്‍ഷകനേതാവും വിവരാവകാശ പ്രവര്‍ത്തകനുമാണ് അഖില്‍ ഗൊഗോയി. അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കൃഷക് മുക്‌തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവ് കൂടിയാണ്.
ബ്രഹ്‌മപുത്രയുടെ പോഷകനദിയായ സുബാന്‍സിരി നദിയില്‍, കൂറ്റന്‍ അണക്കെട്ടുകള്‍ പണിയാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ പാരിസ്‌ഥിതികമായും സാമൂഹികമായും നേരിടാനിരിക്കുന്ന പ്രശ്‌നങ്ങൾ മുൻനിർത്തി പദ്ധതിക്കെതിരെ നടന്ന ജനകീയ ചെറുത്തു നില്‍പ്പുകൾക്ക് നേതൃത്വം നൽകിയത് ഗൊഗോയി ആയിരുന്നു. പിന്നീട് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ഇന്ത്യാ എഗയിന്‍സ്‌റ്റ് കറപ്ഷന്‍ എന്ന മുന്നേറ്റം രൂപംകൊണ്ടപ്പോള്‍ തുടക്കത്തില്‍ അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഗൊഗോയി, അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും ഉദ്ദേശ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് പുറത്തു പോവുകയായിരുന്നു.
2019ല്‍ രാജ്യമെമ്പാടും പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസമില്‍ അതിനെ മുന്നില്‍ നിന്ന് നയിച്ചത് അഖില്‍ ഗൊഗോയി ആയിരുന്നു. തുടര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിച്ച് 2019 ഡിസംബര്‍ 8നാണ് അസമിലെ ജോര്‍ഹത്തില്‍ നിന്ന് അഖില്‍ ഗൊഗോയിയെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. ശേഷം മാവോയിസ്‌റ്റ് ബന്ധം കൂടി ചുമത്തി കേസ് എന്‍ഐഎക്ക് കൈമാറി.
ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് വഴങ്ങാൻ തയ്യാറല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര സ്‌ഥാനാർഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഖില്‍ ഗൊഗോയി തന്റെ ജനങ്ങൾക്ക് കത്തെഴുതിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അസമിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഏറ്റവും ശക്‌തനായ ബിജെപി ഇതര സ്‌ഥാനാർഥിക്ക് വോട്ടുചെയ്യണമെന്നും അസം രക്ഷപ്പെടണമെങ്കില്‍ ബിജെപിക്കോ പൗരത്വനിയമത്തിന് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുതെന്നും അദ്ദേഹം കത്തിലൂടെ അഭ്യർഥിച്ചിരുന്നു.
Read also: വാക്‌സിന്‍ വിതരണം; സംസ്‌ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി







































