ചണ്ഡീഗഡ്: സംസ്‌ഥാനത്ത് കനത്ത ചൂടും വൈദ്യുതി പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാകും സർക്കാർ ഓഫിസുകളുടെ പ്രവര്‍ത്തനം. വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിര്‍ദേശിച്ചു.
അതേസമയം, സര്‍ക്കാര്‍ ഓഫിസുകളില്‍ എസി ഉപയോഗത്തിന് നിയന്ത്രണമില്ല. വൈദ്യുത വകുപ്പിലെ ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. കാര്‍ഷിക മേഖലക്ക് തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പാക് മേഖലയില്‍ നിന്നും വീശുന്ന ഉഷ്‌ണക്കാറ്റിനെ തുടർന്നാണ് പഞ്ചാബില്‍ സ്‌ഥിതി മോശമായത്. പഞ്ചാബ്, ഹരിയാന, ഡെല്‍ഹി, വടക്കന്‍ രാജസ്‌ഥാന്‍, യുപി, വടക്ക്-പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വരുന്ന രണ്ട് ദിവസത്തിനിടെ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പും നിലവിലുണ്ട്.
Read also: കൊള്ള തുടരുന്നു; ഇന്ധന വിലയിൽ ഇന്നും വര്‍ധന







































