തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്നും നാളെയും സംസ്‌ഥാനത്ത് പോലീസ് കർശന പരിശോധന നടത്തും.
നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനാൽ അവശ്യ സർവീസുകൾ മാത്രമായിരിക്കും ഉണ്ടാകുക. രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ അനുമതി ഉണ്ടായിരിക്കും. കൂടാതെ വീടുകളിൽ നിന്നും അവശ്യ കാര്യങ്ങൾക്കായി ഒരാൾക്ക് പുറത്തു പോകാം.
നിലവിൽ ഇന്നും നാളെയും സംസ്‌ഥാനത്ത് ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമാണ് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. കൂടാതെ കെഎസ്ആർടിസി ബസുകൾ അവശ്യ വിഭാഗങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും സർവീസ് നടത്തുക.
സംസ്‌ഥാനത്ത് നിലവിൽ രോഗവ്യാപനം കുറയാതെ നിലനിൽക്കുകയാണ്. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. കൂടാതെ കോവിഡ് നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്‌ച വരെ തുടരുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : രണ്ടാം തരംഗം തുടരുന്നു; ടിപിആർ പത്തിൽ കൂടുതലുള്ള ജില്ലകളിൽ കർശന നിയന്ത്രണം







































