കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകളിൽ ആശയക്കുഴപ്പം. ഔദ്യോഗിക കണക്കുകളും തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നുള്ള കണക്കുകളിലുമാണ് വലിയ വ്യതാസം കണ്ടെത്തിയത്. സർക്കാർ കണക്ക് പ്രകാരം ജില്ലയിലെ കോവിഡ് മരണം 250ൽ താഴെയാണ്. എന്നാൽ, തദ്ദേശ സ്‌ഥാപനങ്ങളുടെ കണക്കിൽ മരണസംഖ്യ 741 ആണ്.
കാസർഗോഡ് നഗരസഭയിൽ 62 പേർ മരിച്ചതായാണ് നഗരസഭയുടെ കണക്കെങ്കിൽ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത് 20 മരണങ്ങൾ മാത്രമാണ്. കാഞ്ഞങ്ങാട് നഗരസഭ നൽകിയ പട്ടികയിൽ 35 പേരാണ് മരിച്ചത്. എന്നാൽ സർക്കാർ അംഗീകരിച്ചത് 9 മരണങ്ങൾ മാത്രം. അജാനൂര്‍ പഞ്ചായത്ത് കണക്കില്‍ 38 പേര്‍ മരിച്ചു. ഇവിടെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചത് എട്ട് മരണങ്ങളാണ്.
ചെങ്കള പഞ്ചായത്തിന്റെ കണക്കിൽ 52 പേർ മരിച്ചപ്പോൾ സർക്കാർ കണക്കിൽ 11 പേരെ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പനത്തടി, കാറഡുക്ക, എന്നീ പഞ്ചായത്തുകളിലെ മരണസംഖ്യയും സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥിരീകരിച്ച മരണവും ഒന്നാണ്. അതേസമയം, കാസർഗോഡ് മംഗളൂരുവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ അതിര്‍ത്തി കടന്ന് ചികില്‍സക്കായി പോയി മരണപ്പെട്ടവര്‍ ഏത് ലിസ്‌റ്റില്‍ ഉള്‍പ്പെടും എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ഈ മരണങ്ങള്‍ കര്‍ണാടകയുടെ ലിസ്‌റ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
Also Read: പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം; മീണയുടെ അഭിപ്രായവും മറികടന്നു







































