തിരുവനന്തപുരം: വോട്ടർ പട്ടിക ചോർന്നുവെന്ന പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിന് നൽകിയത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണയുടെ അഭിപ്രായം മറികടന്ന്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോട്ടോ പതിച്ച വോട്ടർ പട്ടികയിലെ വിവരങ്ങൾ പുറത്തുവിട്ടത് ഗുരുതരമായ ചട്ടലംഘനമാണെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അഭിപ്രായത്തോട് സംസ്‌ഥാനത്തെ ഉദ്യോഗസ്‌ഥർ യോജിച്ചില്ല.
തിരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷിച്ചിരുന്ന 2 കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലെ ലാപ്‌ടോപ്പിൽ നിന്ന് ചോർന്നുവെന്നാണ് ജോയിന്റ് ചീഫ് ഇലക്‌ട്രൽ ഓഫിസർ പോലീസിന് നൽകിയ പരാതി. സംസ്‌ഥാനതലത്തിലെ ഉദ്യോഗസ്‌ഥരെ നിർബന്ധിച്ചാണ് ഈ പരാതി കൊടുപ്പിച്ചത്. വോട്ടർ പട്ടിക ചോർന്നുവെന്ന പരാതിയോട് ടീക്കാറാം മീണയും അദ്ദേഹത്തിന്റെ ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രവർത്തിച്ച ജോയിന്റ് കമ്മീഷണർമാരും യോജിച്ചില്ല.
വോട്ടർമാരുടെ ഫോട്ടോ ഉൾപ്പെടുന്ന വോട്ടർ പട്ടിക ചെന്നിത്തലക്ക് ആരോ കൈമാറിയതാണെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. ഇതാണ് ഇരട്ടവോട്ട് വിവാദത്തിലേക്ക് നയിച്ചതെന്നും കമ്മീഷൻ വിലയിരുത്തുന്നു. വോട്ടർ പട്ടിക കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ രേഖയാണ്. എല്ലാ രജിസ്‌റ്റേർഡ് രാഷ്‌ട്രീയ പാർട്ടികൾക്കും ഇത് നൽകിയിരുന്നതുമാണ്. അതിനാൽ വോട്ടർ പട്ടിക ചോർന്നെന്ന അഭിപ്രായം ശരിയല്ലെന്നാണ് മീണ ഉൾപ്പടെയുള്ള സംസ്‌ഥാനത്തെ ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാട്ടിയത്. മാത്രമല്ല, ചെന്നിത്തല ചൂണ്ടിക്കാട്ടിയ തെറ്റുകൾ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു.
Also Read: ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം; ഭരണകൂടം