തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കേറ്ററിംഗ് മേഖലയിലെ തൊഴിലാളികള്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച പകല്‍ മുഴുവന്‍ നില്‍പ്പ് സമരം സംഘടിപ്പിക്കാനാണ് തീരുമാനം. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്ക് കുറഞ്ഞത് 100 പേരെയെങ്കിലും പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ഇവർ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.
കോവിഡ് മഹാമാരി മൂലം ഏറ്റവും കൂടുതൽ ദുരിതം പേറുന്ന വിഭാഗങ്ങളിലൊന്നാണ് കേറ്ററിംഗ് തൊഴിലാളികൾ. ആയിരങ്ങള്‍ക്ക് പ്രതിദിനം സദ്യ ഒരുക്കിയിരുന്ന കേറ്ററിംഗ് യൂണിറ്റുകളിലെ അടുപ്പണഞ്ഞിട്ട് ഒരു കൊല്ലത്തിലേറെയായി. ഒന്നാം തരംഗത്തിനും ലോക്ക്ഡൗണിനും പിന്നാലെ രണ്ടാം തരംഗം കൂടി ശക്‌തി പ്രാപിച്ചതോടെ തൊഴിൽ ഇല്ലാത്ത അവസ്‌ഥയാണ്.
വിവാഹത്തിന് പരമാവധി 20 പേരെ മാത്രം അുവദിക്കുന്ന സാഹചര്യത്തിൽ സദ്യയുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നത് പ്രായോഗികമല്ലാതായി. ഇതോടെ 2500 ഓളം കേറ്ററിംഗ് യൂണിറ്റുകളിലായി രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്‌ടമായത്. കൂടാതെ പാചകത്തിനുള്ള ഉപകരണങ്ങളും ഡെലിവറി വാഹനങ്ങളും നശിച്ചുതുടങ്ങി.
ഈ സാഹചര്യത്തിലാണ് കേറ്ററിംഗ് യൂണിറ്റുകളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്‌ച സംസ്‌ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നില്‍പ്പ് സമരം നടത്തും.
നൂറ് കണക്കിനാളുകള്‍ എത്തുന്ന ബെവ്കോ ഔട്‍ലെറ്റുകള്‍ തുറന്ന സര്‍ക്കാര്‍ വിവാഹ സദ്യകള്‍ക്കും സൽക്കാരങ്ങള്‍ക്കുമുള്ള നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ കേറ്ററിംഗ് മേഖലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Most Read: ഇന്ധന- പാചകവാതക വില വര്‍ധനക്കെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കുന്നു







































