കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്‌ഡൗണിനെ തുടർന്നുണ്ടായ കട അടച്ചിടലിൽ മിഠായിത്തെരുവിന്റെ നഷ്‌ടം 2500 കോടി രൂപ. എന്നാൽ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവില്ലെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു.
നിയന്ത്രണങ്ങളെ തുടർന്ന് ജൂണിൽ ആകെ ലഭിച്ചത് 13 പ്രവർത്തി ദിവസങ്ങളാണ്. ജൂലൈയിൽ ഇതുവരെ നാല് ദിനങ്ങളും ലഭിച്ചു. ഈ രണ്ട് മാസങ്ങളിലായി 26 പ്രവർത്തി ദിനങ്ങൾ കടകൾ അടഞ്ഞുകിടന്നു. ഒരു ദിവസം ഏകദേശം നൂറുകോടിയുടെ കച്ചവടം മിഠായിത്തെരുവിൽ നടക്കും. ഇവിടെ ചെറുതും വലുതുമായ 1600 കടകളാണ് ആകെയുള്ളത്. അങ്ങനെയെങ്കിൽ 2500 കോടിയിലധികം കച്ചവടം മിഠായിത്തെരുവിന് മാത്രം നഷ്‌ടമായി. കോടികളുടെ നഷ്‌ടക്കണക്കാണെങ്കിലും മിഠായിത്തെരുവിലെ കച്ചവടക്കാരിൽ ഭൂരിഭാഗവും വൻ സാമ്പത്തിക അടിത്തറയുള്ളവരല്ല. കൂടുതലും ചെറുകിട കച്ചവടക്കാരാണ്.
അതേസമയം, അടച്ചിടലിനെതിരെ ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി കൂടി രംഗത്തെത്തിയതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നിയന്ത്രണങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ ചെവികൊണ്ടില്ല. ഇതിനെതിരെ ഇന്ന് അതിജീവന പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലും കലക്‌ടറേറ്റുകൾക്ക് മുന്നിലും വ്യാപാരികളുടെ പ്രതിഷേധം നടക്കും.
സംസ്‌ഥാനത്തെ വലിയൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണുള്ളത്. കടകൾ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു. വ്യാപാരികൾ മറ്റൊരു രീതിയിൽ കളിച്ചാൽ എങ്ങനെ നേരിടണമെന്ന് അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെയാണ് വ്യാപാരി വ്യവസായി സമിതിയും എതിർപ്പുമായി രംഗത്തെത്തിയത്.
Also Read: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം