ബാലുശ്ശേരി: കൂട്ടാലിടക്ക് സമീപത്തെ ചെങ്ങോട്ടുമല ഇന്ന് സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി (സിയാക്) സന്ദർശിക്കും. ചെങ്ങോട്ടുമലയിൽ ഖനനത്തിനായി പാരിസ്ഥിതികാനുമതിക്ക് വേണ്ടി ഡെൽറ്റ റോക്സ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി സന്ദർശനം നടത്തുന്നത്.
നേരത്തേ കമ്പനിക്ക് ജില്ലാ പാരിസ്ഥിതികാഘാത സമിതി നൽകിയ അനുമതി ജില്ലാ കളക്ടർ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി സംസ്ഥാന പാരിസ്ഥിതികാഘാത സമിതിക്ക് പുതിയ അപേക്ഷ നൽകിയത്. സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയിലെ ഡോ. ഈസ, കൃഷ്ണപ്പണിക്കർ എന്നിവർ ചെങ്ങോട്ടുമല സന്ദർശിച്ച് റിപ്പോർട് തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് തികച്ചും ഏകപക്ഷീയമാണെന്ന് ആരോപിച്ച് ചെങ്ങോട്ടുമല സമരസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന്, സമരസമിതിയെയും, പഞ്ചായത്തിനേയും കേൾക്കാതെ ചെങ്ങോട്ടുമലയിൽ പാരിസ്ഥിതികാനുമതി നൽകരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട് തള്ളുകയും പിന്നീട് പുതിയ സംഘത്തെ നിയോഗിക്കുകയുമാണ് ചെയ്തത്. ഇന്ന് എത്തുന്ന പുതിയ സംഘം സത്യസന്ധമായ റിപ്പോർട് തയ്യാറാക്കുമെന്നാണ് നാട്ടുകാരുടെയും സമര സമിതിയുടെയും പ്രതീക്ഷ.
Read Also: 24 മണിക്കൂറിനിടെ രാജ്യത്ത് 35,342 കോവിഡ് ബാധിതർ; രോഗമുക്തർ 38,740







































