ഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനായി ഡെല്‍ഹിയിലെത്തിയ മമത സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നും രാജ്യം അടിയന്തരാവസ്ഥയെക്കാള്‍ ഗുരുതരമായ അവസ്ഥയിലാണെന്നും മമത ബാനര്‍ജി ഡെല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും മമത ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും. അഞ്ചു ദിവസങ്ങളായി ഡെല്‍ഹിയില്‍ തുടരുന്ന മമത, ചൊവ്വാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോസിറ്റിവായാണ് മമത പ്രതികരിച്ചത്. പെഗസിസ് അതിശക്തമായൊരു വൈറസാണ്. രാജ്യ സുരക്ഷ അപകടത്തിലാണ്. ആര്‍ക്കും സ്വാതന്ത്ര്യമില്ല. അഭിഷേക് ബാനര്‍ജിയുടെയും പ്രശാന്ത് കിഷോറിന്റെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഒപ്പം നിര്‍ത്തി സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മമതയെന്നാണ് സൂചന. അടുത്ത് തന്നെ ചില സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. പ്രതിപക്ഷം തുടര്‍ച്ചയായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പുകളില്‍ യോജിച്ച് നീങ്ങാന്‍ കഴിയുമെന്നും മമത പറഞ്ഞു.
Also Read: കോവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് 25 മില്യൺ ഡോളർ സഹായം നൽകുമെന്ന് ആന്റണി ബ്ളിങ്കൻ