ന്യൂഡെല്‍ഹി: പെഗാസസ് ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി വക്താവ് സംപീത് പത്ര. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാൻ കഴിയാത്ത രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത് ഉപകാരമാണ് ഉള്ളതെന്ന് സംപീത് പത്ര ചോദിച്ചു.
“ഫോണ്‍ ചോര്‍ത്തിയെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ പരാതിപ്പെടുന്നില്ല. വെറുതെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണം ഉന്നയിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. എന്തിനാണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പോലും രാഹുലിന് കഴിയുന്നില്ല. അദ്ദേഹത്തിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത് കിട്ടാനാണ്”- സംപീത് പറഞ്ഞു.
പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയതായി ദി വയർ റിപ്പോർട് ചെയ്തിരുന്നു. രാഹുല്‍ ‘പൊട്ടെന്‍ഷ്യല്‍ ടാര്‍ഗറ്റ്’ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തന്റെ എല്ലാ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണെന്ന് രാഹുല്‍ ഗാന്ധി തന്നെ നേരത്തെ പറഞ്ഞിരുന്നു.
വിഷയത്തിൽ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്. ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണം. ഫോണ്‍ ചോര്‍ത്തല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിന് പിന്നാലെയാണ് പ്രതികരണം.
Read also: കേരളത്തിന് പുതിയ റെയിൽവേ സോണില്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്






































