തിരുവനന്തപുരം: കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് എതിരെ സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റുകളും, വിദ്യാർഥികളും സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലത്തോടൊപ്പം ഫാർമസി, ആർക്കിടെക്റ്റ് എന്നിവയുടെയും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു.
പ്രവേശന പരീക്ഷാഫലത്തിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. പ്ളസ് 2 പരീക്ഷയുടെ മാർക്ക് കൂടി പരിഗണിച്ചായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ സിബിഎസ്ഇയും, ഐസിഎസ്ഇയും വാർഷിക പരീക്ഷകൾ നടത്താതിരുന്നതിനാൽ ഇത് ഒരു വിഭാഗം വിദ്യാർഥികളോടുള്ള വിവേചനമാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഹരജി പരിഗണിച്ചുകൊണ്ട് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞത്. വ്യാഴാഴ്ചയായിരുന്നു ഇവയുടെ ഫലം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. എന്നാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട നടപടികൾ കോടതി വ്യാഴാഴ്ച പുനഃരാരംഭിക്കുകയും ചെയ്യും.
Read also : പ്ളസ് വൺ; തുടർ നടപടിയിലൂടെ മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി






































