കാസർഗോഡ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കാസർഗോഡ് നിന്നും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കാസർഗോഡേക്കുള്ള 12 വഴികൾ ഒഴികെ ബാക്കിയുള്ളവയെല്ലാം പൂർണമായും അടച്ചിട്ടുണ്ട്. അതിനാൽ അംഗീകൃതമായ ഈ 12 വഴികളിലൂടെ മാത്രമേ ഇനി കർണാടകയിലേക്ക് പ്രവേശനം ഉണ്ടാകുകയുള്ളൂ.
കാസർഗോഡ് നിന്നും ആളുകൾ മദ്യം വാങ്ങുന്നതിന് അതിർത്തി കടക്കുന്ന സാഹചര്യത്തിൽ കേരള അതിർത്തിയിലുള്ള മദ്യശാലകളും, കള്ള് ഷാപ്പുകളും അടക്കം പൂട്ടിയിരിക്കുകയാണ്. അനിശ്‌ചിതകാലത്തേക്കാണ് നിലവിൽ ഇവ അടച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ മംഗളുരു സർവകലാശാലയുടെ ബിരുദ പരീക്ഷകളും നിലവിൽ നിർത്തി വച്ചിരിക്കുകയാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്നലെ ഉച്ചയോട് കൂടി അതിർത്തികളെല്ലാം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം മണ്ണിട്ട് അടച്ചിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്‌ഥരുടെ ഇടപെടലുകളെ തുടർന്ന് മണ്ണ് മാറ്റി ഇവിടങ്ങളിൽ ബാരിക്കേഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്. കർണാടക ഹൈക്കോടതി വിധിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങളെയും അവഗണിച്ചുകൊണ്ടാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അതിർത്തിയിലെ റോഡുകൾ മണ്ണിട്ട് അടച്ചത്.
Read also : കര്‍ണാടകയില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു; വിജയേന്ദ്രയ്‌ക്ക് സ്‌ഥാനമില്ല







































