ന്യൂ ഡെല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ആഭ്യന്തര വിമാന യാത്രയില്‍ മാറ്റങ്ങള്‍ വന്നേക്കും. നിലവില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോവാന്‍ കഴിഞ്ഞിരുന്ന ബാഗേജിന്റെ പരിധി കുറക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുക്കിയ മാര്‍ഗരേഖ.
വിമാനക്കമ്പനികള്‍ക്ക് ഈ പരിധി നിശ്ചയിക്കാനുള്ള അധികാരം തിരികെ നല്‍കിയ മന്ത്രാലയം 20 കിലോഗ്രാം പരിധി കുറച്ച് പഴയ 15 കിലോഗ്രാം ബാഗേജ് എന്ന നിലയിലേക്ക് മാറ്റാനുള്ള അവകാശം നല്‍കിയിരുന്നു. രണ്ട് മാസത്തെ അടച്ചിടലിനു ശേഷം മെയ് 25-നാണ് ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഒരു ബാഗേജ് മാത്രമേ ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരുന്നുള്ളൂ. ഹാന്‍ഡ് ബാഗുകള്‍ക്ക് പുറമേ ആയിരുന്നു ഇത്.
20 കിലോഗ്രാം വരെയുള്ള ബാഗേജുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് വിമാന കമ്പനികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ്. അധികം വൈകാതെ തന്നെ കമ്പനികള്‍ വിഷയത്തില്‍ നിലപാട് അറിയിക്കും.
Read Also: ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു






































