കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ എങ്ങനെ ഭരിക്കണം എന്നതിൽ ഇപ്പോഴും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് താലിബാൻ നേതാവ് വഹീദുല്ല ഹാഷിമി. എന്നാൽ ഒരിക്കലും ജനാധിപത്യ സംവിധാനം ഉണ്ടാവില്ലെന്ന് താലിബാൻ വ്യക്‌തമാക്കി. “അഫ്‌ഗാനിസ്‌ഥാനിൽ ഏത് തരത്തിലുള്ള രാഷ്‌ട്രീയ സമ്പ്രദായം പ്രയോഗിക്കണമെന്ന് ഞങ്ങൾ ചർച്ച ചെയ്‌തിട്ടില്ല. കാരണം അത് വ്യക്‌തമാണ്. അത് ശരീഅത്ത് നിയമമാണ്,”- ഹാഷിമി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഒരു കൗൺസിൽ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കും, അതേസമയം താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദ മൊത്തത്തിലുള്ള ചുമതലക്കാരനായി തുടരും. 1996 മുതൽ 2001 വരെ താലിബാൻ അഫ്‌ഗാനിസ്‌ഥാൻ ഭരിച്ചിരുന്നത് ഇങ്ങനെയാണ്. ഗ്രൂപ്പിന്റെ സ്‌ഥാപക അംഗങ്ങളിൽ ഒരാളായ അബ്‌ദുൾ ഗനി ബരാദർ അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണത്തിന്റെ പ്രസിഡണ്ടാകാനാണ് സാധ്യത.
അതേസമയം, ഗ്രൂപ്പിന് പൈലറ്റുമാർ ഇല്ലാത്തതിനാൽ അഫ്‌ഗാൻ സർക്കാരിൽ ജോലി ചെയ്‌തിരുന്ന പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ താലിബാൻ പദ്ധതിയിടുന്നുണ്ട്. വിദേശ സൈന്യം പിൻവാങ്ങിയതിനു ശേഷം, താലിബാൻ ഹെലികോപ്റ്ററുകളും വിമാനങ്ങളും പിടിച്ചെടുത്തിരുന്നു. ഇപ്പോൾ അവരുടെ സേനയിൽ ചേരുന്നതിനായി നിരവധി പൈലറ്റുമാരുമായി ബന്ധപ്പെടുന്നുണ്ട്.
Most Read: കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്







































