ന്യൂഡെൽഹി: കോവിഡിനൊപ്പം ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം അതിവേഗം കുറയുകയാണെന്ന് ഡെൽഹി എൽജെപി ആശുപത്രിയുടെ ബുള്ളറ്റിനിൽ പറയുന്നു.
സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. താൻ വീട്ടിൽത്തന്നെ ചികിത്സയിൽ തുടരുകയാണെന്നും, താനുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും സിസോദിയ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇന്നലെ വൈകിട്ടോടെ ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മനീഷ് സിസോദിയയെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ച സിസോദിയയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
അതേസമയം, ഡെൽഹിയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. തലസ്ഥാനത്തെ കൊറോണ വൈറസിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരികയാണെന്ന് വിദഗ്ധർ കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോ. രാജേന്ദ്ര പ്രസാദ് സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്‌സിറ്റിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala News: സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നത്; മുല്ലപ്പള്ളി
സെപ്‌റ്റംബർ 17 വരെ ഡെൽഹിയിൽ 4500 വരെയായിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് കുറഞ്ഞു. 24 മണിക്കൂറിനകം 3700 കേസുകളും അതിൽ താഴെയുമായി. അടുത്ത ദിവസങ്ങളിൽ കോവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനയെന്നും കെജരിവാൾ വ്യക്തമാക്കി. അതേസമയം വൈറസിന്റെ ഇന്ത്യയിലെ പ്രഭവ കേന്ദ്രമായ മഹാരാഷ്‌ട്രയിൽ ഇതുവരെയായി 12,63,799 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.








































