ന്യൂഡെൽഹി: സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയില്‍ നിന്നും മലബാര്‍ കലാപ നേതാക്കളുടെ ഉൾപ്പടെ പേരുകള്‍ ഒഴിവാക്കുന്നതിന് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കൽ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ഡയറക്ടർ ഓം ജി ഉപാധ്യയ.
ചരിത്ര ഗവേഷണ കൗൺസിൽ റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് രഹസ്യമാണ്. റിസർച്ച്സ് പ്രൊജക്റ്റ് കമ്മിറ്റി ചേർന്ന് ശുപാർശ ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കുകയുള്ളൂ. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതിൽ അസ്വാഭാവികത ഇല്ലെന്നും ഐസിഎച്ച്ആറിൻമേൽ ഒരു രാഷ്ട്രീയ സമ്മർദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് എതിരെ ചില പരാതികൾ ലഭിച്ചിരുന്നു. അതിനാലാണ് പഠനത്തിനായി സമിതിക്ക് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസിഎച്ച്ആര്‍ തയ്യാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്നാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര് ഉൾപ്പടെ 387 രക്തസാക്ഷികളെ പുറത്താക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
Most Read: ബംഗാളിൽ കോവിഡ് നിയന്ത്രണ വിധേയം; ഉപതിരഞ്ഞെടുപ്പ് ആവശ്യവുമായി മമത