ബെംഗളൂരു: ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി കർണാടക. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ളക്ക് തുടങ്ങിയ ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാനാണ് കർണാടകയിലെ പാഠപുസ്‌തക പരിഷ്‌കാര കമ്മിറ്റിയുടെ തീരുമാനം.
ഇനിമുതൽ മുഗൾ സാമ്രാജ്യത്തിന്റെ വിശാലമായ ചരിത്രം കുട്ടികൾക്ക് പഠിക്കാനുണ്ടാവില്ല. പകരം, സംക്ഷിപ്‌ത വിവരണങ്ങളിൽ ഒതുക്കും. ടിപ്പുവിനെ മഹത്വവൽകരിക്കുന്ന വിശേഷണങ്ങളെല്ലാം തന്നെ ഒഴിവാക്കും. ടിപ്പു സ്വാതന്ത്ര്യസമര സേനാനിയാണെന്ന് പറയുന്ന ഭാഗവും നീക്കുമെന്നാണ് വിവരം.
കശ്‌മീരിലെ കർകോട്ട സാമ്രാജ്യവും അസമിലെ അഹോം സാമ്രാജ്യവും സിലബസിൽ ഉൾപ്പെടുത്തും. ബുദ്ധ, ജൈന മതങ്ങളുടെ പിറവിയെപ്പറ്റി പറയുന്ന അധ്യായത്തിന്റെ മുഖവുരയും ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്.
അതേസമയം ചരിത്രത്തിൽ നിഷ്‌പക്ഷ നിലപാട് സ്വീകരിക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ് പാഠപുസ്‌തക പരിഷ്‌കാര കമ്മിറ്റി തലവൻ രോഹിത് ചക്രതീർഥന്റെ വിശദീകരണം. സത്യസന്ധമായ വിവരങ്ങൾ ഉൾപ്പെടുത്താനായിരുന്നു ശ്രമമെന്ന് പറഞ്ഞ കമ്മിറ്റി തലവൻ ടിപ്പുവിനെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ വ്യാജമായ ചിലതുണ്ടെന്നും അതൊക്കെയാണ് ഒഴിവാക്കിയതെന്നും പറഞ്ഞു.
ഇതിനിടെ ടിപ്പു സുൽത്താൻ മൈസൂർ കടുവയല്ല, എലിയാണ് എന്ന് ആരോപിച്ച് ബിജെപി എംഎൽഎ അപ്പാച്ചു രഞ്‌ജൻ രംഗത്തെത്തി. 8000 അമ്പലങ്ങളും പള്ളികളും ടിപ്പു തകർത്തതായി ബിജെപി എംഎൽഎ പറഞ്ഞു. ടിപ്പു ഒട്ടേറെ ആളുകളുടെ മതം മാറ്റിയെന്നും 60,000 കൂർഗ് ജനതയെ കൊന്നുവെന്നും പറഞ്ഞ അപ്പാച്ചു രഞ്‌ജൻ ടിപ്പുവിനെ പാഠപുസ്‌തകങ്ങളിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
Most Read: വർക്കല തീപിടിത്തം; തീ പടർന്നത് കാർ പോർച്ചിൽ നിന്നെന്ന് ഫയർഫോഴ്‌സ് റിപ്പോർട്