തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ ഫയർഫോഴ്‌സ് അന്വേഷണ റിപ്പോർട് പുറത്ത്. തീ പടർന്നത് കാർ പോർച്ചിൽ നിന്നാണെന്നാണ് ഫയർഫോഴ്‌സ് റിപ്പോർട്ടിൽ പറയുന്നത്. കാർ പോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്‌തുക്കൾ ഹാളിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
വീടിന് അകത്ത് ഉണ്ടായിരുന്നവർ അഗ്‌നിബാധ ഉണ്ടായത് അറിയുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്‌തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പുക ശ്വസിച്ചവർ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങൾ എല്ലാം വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണ്. വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചു ഇവർ വീണതാവാനാണ് സാധ്യതയെന്നാണ് അഗ്‌നിരക്ഷാ സേനയുടെ റിപ്പോർട്ടിൽ പറയുന്നത്.
വർക്കലയിൽ ഇരുനില വീടിന് തീപിടിച്ചു എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ, ഭാര്യ ഷേർളി, മരുമകൾ അഭിരാമി, ഇളയമകൻ അഖിൽ, അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് റയാൻ എന്നിവരാണ് മരിച്ചത്. മൂത്തമകൻ നിഹുലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
Most Read: അന്വേഷണ ഏജൻസികളുടെ ദുരുപയോഗം; യോഗം വിളിച്ച് മമത