കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. പബ്ളിക്ക് അഡ്‌മിനിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്‌റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്.
ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്‌തകങ്ങളായി പരിഗണിക്കാത്തവ ആണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി. ബോർഡ് ഓഫ് സ്‌റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.
കണ്ണൂർ സർവകലാശാല വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നീക്കത്തിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഉയർത്തുമെന്നാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നിലപാട്.
വിഡി സവർക്കറുടെ ‘ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു’, എംഎസ് ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’, ‘വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ്’, ബൽരാജ് മധോകിന്റെ ‘ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ’ തുടങ്ങിയ പുസ്‌തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയത്.
Must Read: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണം; കര്‍ശന നടപടി സ്വീകരിക്കണം- ഹൈക്കോടതി