മലപ്പുറം: 4,300 ഡോസ് വാക്സിൻ പ്രതീക്ഷിച്ചിരുന്ന പൊന്നാനി നഗരസഭയ്ക്ക് ലഭിച്ചത് 3,000 ഡോസ് വാക്സിൻ മാത്രം. ഇതോടെ നഗരസഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് അധികൃതർ വേണ്ടെന്നുവെച്ചു. ഇതുമൂലം അതിരാവിലെ തന്നെ ക്യാമ്പിലെത്തിയവർ അപ്രതീക്ഷിതമായ തീരുമാനം കേട്ട് നിരാശരായി മടങ്ങി പോവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയ്ക്ക് കീഴിൽ ഇന്നലെയാണ് സംഭവം.
വാക്സിൻ വിതരണം നടത്താൻ മെഗാ ക്യാമ്പ് സംഘടിപ്പിക്കുകയും സകല സന്നാഹങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. 4,300 ഡോസ് വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു ക്യാമ്പ് നടത്താൻ ആസൂത്രണം ചെയ്തത്. എന്നാൽ നഗരസഭയ്ക്ക് ലഭിച്ചത് 3,000 ഡോസ് വാക്സിൻ മാത്രമായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ അധികൃതർ ചന്തപ്പടിയിൽ സജ്ജീകരിച്ച ക്യാമ്പ് വേണ്ടെന്ന് വെക്കുകയായിരുന്നു.
എല്ലാ ദിവസവും രണ്ടായിരത്തോളം വാക്സിൻ വിതരണം ചെയ്യുന്ന ചന്തപ്പടിയിലെ ശാദി മഹാൽ ക്യാമ്പിൽ ഇന്നലെ 700 ഡോസ് വാക്സിൻ മാത്രമാണുണ്ടായിരുന്നത്. ഇവിടെ 1,300 പേർ വാക്സിനേഷനായി രജിസ്ട്രേഷനും ചെയ്തിരുന്നു. മതിയായ വാക്സിൻ ഇല്ലാത്തത് കാരണമാണ് ക്യാമ്പ് വേണ്ടെന്നുവെച്ചതെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ക്യാമ്പിലെത്തിയ നൂറുകണക്കിന് പേരാണ് ബുദ്ധിമുട്ടിലായത്. അതേസമയം, നഗരസഭയുടെ കീഴിലുള്ള മറ്റ് കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടന്നിരുന്നു.
Read Also: ജില്ലാ കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമര മോഷണം; രണ്ടുപേർ നിരീക്ഷണത്തിൽ







































