ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,092 പുതിയ കോവിഡ് കേസുകളും 509 മരണങ്ങളും റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആകെ 35,181 പേരാണ് രോഗമുക്തി നേടിയത്. കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തിൽ ആശങ്കൾ വീണ്ടും കൂടുകയാണ്.
ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 3,89,583 ആയി ഉയർന്നതായാണ് കണക്കുകൾ കാണിക്കുന്നത്. രാജ്യത്തെ മൊത്തം മരണസംഖ്യ ഇപ്പോൾ 4,39,529 ആണ്. ഇന്ത്യയിൽ, കോവിഡ് ബാധ മൂലമുള്ള ആദ്യ മരണം 2020 മാർച്ചിൽ റിപ്പോർട് ചെയ്യപ്പെട്ടതിന് ശേഷം ഇതുവരെയുള്ള 16 മാസങ്ങൾക്ക് ഇടയിലാണ് ഇത്രയധികം മരണങ്ങൾ റിപ്പോർട് ചെയ്തത്.
രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് ഏകദേശം 97.51 ശതമാനമായതും, ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,20,28,825 ആയി ഉയർന്നതും മാത്രമാണ് ഏക ആശ്വാസം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംഇആർ) കണക്കനുസരിച്ച് 52,48,68,734 സാമ്പിളുകളാണ് സെപ്റ്റംബർ 1 വരെയുള്ള കാലയളവിൽ പരിശോധിച്ചത്. ഇന്നലെ മാത്രം 16,84,441 പരിശോധനകളാണ് നടത്തിയത്.
Read Also: താലിബാനെ വാഴ്ത്തുന്ന ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങൾ അപകടകാരികൾ; നസറുദ്ദീൻ ഷാ







































