റിയാദ്: സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സകല മേഖലകളിലും മുന്നേറ്റം തുടരുന്ന സൗദി അറേബ്യയിൽ പുതിയ വിപ്ളവം. രാജ്യത്തിൽ ആദ്യമായി സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയൻ ഭാഗമായി. അനിയോജ്യരായ സ്ത്രീകളെ തിരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ കഠിന പരിശീലനം നൽകിയാണ് രാജ്യത്തെ വിവിധ സേനകളുടെ ഭാഗമാക്കിയത്.
2021 മെയ് മാസത്തിലാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം അത് പൂർത്തിയാക്കിയ ശേഷം വനിതാ സൈനികർ ബിരുദം കരസ്ഥമാക്കി. പ്രാഥമിക തലം മുതൽ ഉയർന്ന സർജന്റ് പദവി വരെയുള്ള സൈനിക റാങ്കുകളിൽ രാജ്യത്തിന്റെ വിവിധ സായുധ സൈനിക വിഭാഗങ്ങളിലാണ് ഇവർ സേവനം അനുഷ്ഠിക്കുക.
കര, നാവിക, വ്യോമ സേനകളും മിസൈൽ, ഫോഴ്സ്, മെഡിക്കൽ ഫോഴ്സ് എന്നിവയുമടക്കം അഞ്ച് പ്രധാന സായുധ വിഭാഗങ്ങളിലായി സ്ത്രീ സൈനികരെ വിന്യസിക്കും. 21നും 40നും ഇടയിൽ പ്രായമുള്ളവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. വിദേശികളെ വിവാഹം ചെയ്ത സൗദി യുവതികളെ ഒഴിവാക്കിയിരുന്നു.
Also Read: ഹരിയാനയിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്ന്; ദൃക്സാക്ഷി







































