കൊല്‍ക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംഎല്‍എ സൗമന്‍ റോയിയാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. നേരത്തെ തൃണമൂല്‍ വിട്ടാണ് സൗമന്‍ ബിജെപിയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ തിരിച്ചു വരവ് തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയാണ് അറിയിച്ചത്.
പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളായ സംസര്‍ഗഞ്ച്, ജംഗിപൂര്‍, ഭവാനിപൂര്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 30ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മമതയ്ക്ക് വേണ്ടി കൃഷി മന്ത്രി ശോഭൻദേബ് ചതോപാധ്യായ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. 2011ലും 2016ലും ഭവാനിപുരില്‍ നിന്നാണ് മമത ജയിച്ചത്.
എംഎൽഎമാരുടെ മരണത്തെ തുടർന്നാണ് സംസർഗഞ്ച്, ജംഗിപൂർ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതേസമയം മറ്റ് ഉപതിരഞ്ഞെടുപ്പുകള്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെയും ചീഫ് സെക്രട്ടറിമാരുടെയും നിർദ്ദേശ പ്രകാരമാണ് 31 നിയമസഭാ മണ്ഡലങ്ങളിലെയും 3 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചിട്ടുള്ളത്.
Read also: ‘നല്ല മനുഷ്യന്, നല്ല ജഡ്ജി’; ചീഫ് ജസ്റ്റിസിനെ പുകഴ്ത്തി തുഷാര്‍ മേത്ത







































