ടെഹ്‌റാൻ: അഫ്‌ഗാനിസ്‌ഥാനിലെ എല്ലാ വിദേശ ഇടപെടലുകളെയും ഇറാൻ അപലപിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ വക്‌താവ് സയീദ് ഖത്തീബ്‌സാദെ. പാകിസ്‌ഥാനെ പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന. താലിബാൻ ഭീകരർക്ക് എതിരെ പ്രതിരോധം തീർത്തുനിന്ന അഫ്‌ഗാനിലെ പഞ്ച്ശീര്‍ പിടിച്ചെടുക്കാന്‍ പാകിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്ഐ, താലിബാനെ സഹായിച്ചെന്ന് സൂചനയുണ്ട്.
പഞ്ച്ശീറിൽ നിന്നുള്ള വാർത്തകൾ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ചയിലൂടെ പഞ്ച്ശീർ പ്രശ്‌നം പരിഹരിക്കപ്പെടണമായിരുന്നു. താലിബാൻ രാജ്യാന്തര നിയമവും പ്രതിബദ്ധതയും ബഹുമാനിക്കണം. എല്ലാ അഫ്‌ഗാനികൾക്കുമായി ഒരു പ്രതിനിധി സർക്കാർ സ്‌ഥാപിക്കുന്നതിനും അഫ്‌ഗാൻ ജനതയുടെ കഷ്‌ടപ്പാടുകള്‍ അവസാനിപ്പിക്കാനുമായി ഇറാൻ പ്രവർത്തിക്കും; അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്‌റ്റ് 15ന് കാബൂൾ പിടിച്ചടക്കിയതു മുതൽ താലിബാനെ വിമർശിക്കുന്നതിൽ നിന്ന് ഇറാൻ വിട്ടു നിൽക്കുകയായിരുന്നു. പഞ്ച്ശീർ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, താലിബാൻ വിരുദ്ധ സേനയും മുൻ അഫ്‌ഗാൻ സുരക്ഷാ സേനയും ചേർന്ന നാഷണൽ റെസിസ്‌റ്റൻസ് ഫ്രണ്ട് (എൻആർഎഫ്), തങ്ങളുടെ പോരാളികൾ താഴ്‌വരയിലുടനീളം ഉണ്ടെന്നും പോരാട്ടം തുടരുകയാണെന്നും വ്യക്‌തമാക്കി.
Most Read: കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു