ഇരിട്ടി: കാട്ടാന ഭീഷണിയിൽ നിന്ന് ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ആനമതിൽ യാഥാർഥ്യമാകും. വനാതിർത്തിയിൽ 14 കിലോമീറ്റർ നീളത്തിലാണ് ആനമതിൽ നിർമിക്കുന്നത്. 18 മാസംകൊണ്ട് മതിൽ നിർമിക്കണമെന്ന് ഒരുമാസം മുൻപ് ഹൈക്കോടതി പട്ടികവർഗ വികസനവകുപ്പിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിവിധ വകുപ്പുകൾ ചേർന്ന് നിർമാണ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
നിർമാണത്തിനുള്ള ആദ്യ ഗഡുവായ 11 കോടി രൂപ പട്ടികവർഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിർമാണം പൂർത്തീകരിക്കുക. രണ്ട് വർഷം മുൻപ് ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ ഇല്ലാതെ നിർമാണം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതിനെതിരെ പരാതി ഉയരുകയും ഊരാളുങ്കൽ പ്രവൃത്തിയിൽ നിന്ന് പിൻമാറുകയും ചെയ്‌തതോടെയാണ് ആനമതിലിന്റെ നിർമാണം അനിശ്‌ചിതത്വത്തിൽ ആയത്.
തുടർന്ന്, പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് നിയോജക മണ്ഡലം എംഎൽഎ സണ്ണി ജോസഫും പട്ടിക വർഗ വികസന വകുപ്പും നീക്കങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് നിലവിൽ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. പ്രവർത്തിയുടെ ആകെ തുകയുടെ 50 ശതമാനം രൂപയാണ് ഇപ്പോൾ ഡെപ്പോസിറ്റ് ആയി അനുവദിച്ചിരിക്കുന്നത്.
നിലവിൽ ആറളം ഫാം പരിസരത്തും ജനവാസ മേഖലകളിലും കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. പുതിയ മതിൽ പൂർത്തിയാകുന്നതോടെ ആദിവാസി പുനരധിവാസ മേഖലകൾ സംരക്ഷിക്കപ്പെടും. ഇതുവഴി മേഖലയിൽ കൂടുതൽ സ്‌ഥിരതാമസക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും നിർദ്ദേശവും കൂടി പരിഗണിച്ചാണ് മതിലിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
Read Also: പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ പരിഹരിച്ചതായി ആദായനികുതി വകുപ്പ്








































