വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ വിഷം കഴിച്ച് ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്റെയും ഭാര്യ പത്‌മാവതിയുടെയും അയൽവാസിയാണ് അർജുൻ. കൂടുതൽ വിവരങ്ങൾ ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വാർത്താ സമ്മേളനം നടത്തി വ്യക്‌തമാക്കും. മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
കഴിഞ്ഞ ജൂണ്‍ 10ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ നെല്ലിയമ്പത്തെ പത്‌മാലയത്തിൽ കേശവനെയും ഭാര്യ പത്‌മാവതിയെയും മുഖംമൂടി ധരിച്ചെത്തിയ ആൾ കുത്തി പരിക്കേൽപിക്കുക ആയിരുന്നു. കേശവൻ മാസ്‌റ്റർ സംഭവ സ്‌ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ വച്ചാണ് പത്‌മാവതി മരിച്ചത്.
മുഖംമൂടി ധരിച്ച ആളാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പത്‌മാവതി പറഞ്ഞിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ വീടിനരികിലെ ഏണിയില്‍ നിന്ന് വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് രക്‌തക്കറയുള്ള തുണിയും പോലീസിന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച സാഹചര്യ തെളിവുകള്‍ അനുസരിച്ചായിരുന്നു പോലീസ് അന്വേഷണം. ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തതായാണ് വിവരം. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചിരുന്നു.
Most Read: രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; നിഷാദ് അലിയുമായി തെളിവെടുപ്പ് നടത്തി








































