തിരുവനന്തപുരം: യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് കുറിപ്പിറക്കിയ സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ‘ലവ് ജിഹാദ്’ ഉണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ വശത്താക്കാന്‍ വന്‍ സംഘമുണ്ടെന്ന് കുറിപ്പിറക്കിയ പാർടിയാണ് സിപിഎം. ഇവരാണ് പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചത്. വിവാദ വിഷയങ്ങളിലെ സിപിഎം ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണം എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
‘ലവ് ജിഹാദ്’ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തങ്ങള്‍ ഉന്നയിക്കുന്ന വിഷയമാണ്. എന്നാല്‍ അതിനെ തള്ളുന്ന നിലപാടാണ് സിപിഎം ഇതുവരെ സ്വീകരിച്ചത്. വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
പ്രൊഫഷണല്‍ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്നാണ് സിപിഎം ആരോപിക്കുന്നത്. പാർടി സമ്മേളനങ്ങളുടെ ഉൽഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
മുസ്‌ലിം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ മുസ്‌ലിം വര്‍ഗീയ തീവ്രവാദ രാഷ്‌ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള ഭീകരവാദ സംഘടനകളെ പോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്.
ക്രൈസ്‌തവരെ മുസ്‌ലിം ജനവിഭാഗത്തിന് എതിരാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ക്രൈസ്‌തവരില്‍ ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. ക്ഷേത്ര വിശ്വാസികളെ ബിജെപിയുടെ പിന്നില്‍ അണിനിരത്തുന്നത് ഇല്ലാതാക്കും വിധം ആരാധനാലയങ്ങളില്‍ ഇടപെടണമെന്നും സിപിഎം നിർദ്ദേശിക്കുന്നു.
Most Read: കാനം രാജേന്ദ്രനോട് ബഹുമാനം, സിപിഐ റിപ്പോർട്ടിൽ പരാതിയില്ല; ജോസ് കെ മാണി







































