തൃക്കരിപ്പൂർ: വെള്ളാപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻ കട പഞ്ചായത്ത് അധികൃതർ അറിയാതെ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടേക്ക് മാറ്റിയതിനെതിരേ ജനകീയ സമിതി നടത്തിയ സമരം ഫലംകണ്ടു. തൃക്കരിപ്പൂർ പഞ്ചായത്ത് വെള്ളാപ്പ് അംഗം കെഎം ഫരീദയാണ് തിങ്കളാഴ്ച രാവിലെ മുതൽ വെള്ളാപ്പിൽ നിരാഹാരമിരുന്നത്.
തുടർന്ന് എഡിഎം എകെ രാമചന്ദ്രൻ, താലൂക്ക് സപ്ളൈ ഓഫിസർ കെഎൻ ബിന്ദു, ചന്തേര സിഐ പി നാരായണൻ എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയിൽ റേഷൻ കട വെള്ളാപ്പിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച മുതൽ റേഷൻ ഷാപ്പ് പഴയ മുറിയിൽ തന്നെ പ്രവർത്തിക്കും. വ്യാഴാഴ്ച കാസർഗോഡ് കലക്ടറേറ്റിൽ കളക്ടറുടെയും ജില്ലാ സപ്ളൈ ഓഫിസറുടെയും സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിലാകും അന്തിമ തീരുമാനമെടുക്കുക.
മൂന്ന് മണിയോടെയാണ് പഞ്ചായത്തംഗത്തിന്റെ നിരാഹാരം അവസാനിച്ചത്. സമരം തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് ഉൽഘാടനം ചെയ്തു.
Also Read: കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി; നേതാക്കൾക്കെതിരെ സിപിഎമ്മിൽ കൂട്ടനടപടി





































